Wednesday, August 13, 2008

അനിയത്തി




തിരക്കുപിടിച്ച ഇന്നത്തെ ജീവിതത്തിന്റെ ഇടനേരങ്ങളില്‍ പലപ്പോഴും മനസ്സ് ബാല്യകാലാനുഭവങ്ങ
ളുടെ വളപ്പൊട്ടുകള്‍ തിരയാറുണ്ട്. സുഖവും, ദുഖവും ഇഴതീര്‍ത്ത കണ്ണീരിന്റെ ഉപ്പും, പുഞ്ചിരിയുടെ മധുരവും ഇടകലര്‍ന്ന ആ കാലം പലപ്പോഴും കണ്ണുകളെ ഈറനണിയിക്കാറുണ്ട്. ഒരുപക്ഷെ അന്നത്തെ ആ ദിനങ്ങള്‍ ഇന്നും മനസ്സിനെ സ്വാധീനിക്കുന്നതു കൊണ്ടാകാം ഒരു പച്ചമനുഷ്യനായി ഇപ്പോഴും ജീവിക്കുവാന്‍ കഴിയുന്നതെന്നു തോന്നുന്നു.

കുഞ്ഞുങ്ങളുടെ ആഗ്രഹങ്ങളെല്ലാം കഴിവതും സാധിച്ചുകൊടുക്കാന്‍ മിക്ക മാതാപിതാക്കളും ശ്രദ്ധിക്കറുണ്ട്. എന്നാല്‍ സാധിച്ചുകൊടുക്കാന്‍ കഴിയാത്ത ആഗ്രഹങ്ങള്‍ പലപ്പോഴും അവരുടെ മനസ്സില്‍ ഒരു വേദനയായി ബാക്കിയാകും. പ്രത്യേകിച്ചും തന്റെ കൂട്ടുകാര്‍ക്കുള്ള ചിലത് തനിക്കില്ലാതെ വരുമ്പോള്‍ ആ വേദനയ്ക്കു ആക്കം കൂടും. വര്‍ഷങ്ങള്‍ കഴിഞ്ഞാലും അത്തരം ചില വേദനകള്‍ മനസ്സിനെ വല്ലാതെ ഉലയ്ക്കും.

അത്തരമൊരു നടക്കാത്ത ആഗ്രഹത്തെ പറ്റി പറയാന്‍ വേണ്ടിയാണ് ഇത്രയും ആമുഖമായി പറഞ്ഞത എന്തായിരുന്നു ആ ആഗ്രഹമെന്നല്ലേ പറയാം ഒരു അനിയത്തി വേണം ഇതായിരുന്നു എന്റെ നടക്കാത്ത ആഗ്രഹം. ഒറ്റമകനായി ജനിച്ചു വളര്‍ന്ന ഞാന്‍ അതിനേക്കാള്‍ വലിയ എന്താണ് ആഗ്രഹിക്കുക. അയല്‍വക്കത്തുള്ള മിക്ക കൂട്ടുകാര്‍ക്കും അനിയത്തിയുള്ളപ്പോള്‍ ഞാന്‍ മാത്രമെന്തേ ഒറ്റയ്ക്കായിപ്പോയി എന്ന ചിന്ത കണ്ണുകളെ പലപ്പോഴും (ഇപ്പോഴും) ഈറനണിയിച്ചു.

അനിയത്തിമാരുമായി വഴക്കുകൂടുന്ന, അവരെ നുള്ളുന്ന മാന്തുന്ന എന്റെ എല്ലാ കൂട്ടുകാരെയും അന്നു ഞാന്‍ മനസ്സുകൊണ്ടു വെറുത്തിരുന്നു. കൂട്ടുകാരുടെ വീടുകളില്‍ ചെല്ലുമ്പോള്‍ കൌതുകപൂര്‍വ്വം അവ്ക്കരുടെ അനിയത്തികുട്ടികളെ ഞാന്‍ ശ്രദ്ധിക്കും. പിന്നെ തിരികെ വീട്ടിലെത്തുമ്പോള്‍ എന്റെ സങ്കടം പൂര്‍വാധികം ഇരട്ടിക്കും. എനിക്കും അനിയത്തിയെ വേണം എന്ന എന്റെ നിര്‍ബന്ധത്തെ വിഷമത്തോടെ നോക്കുന്ന ഉമ്മയേയും, ബാപ്പയേയും ഇന്നും ഞാന്‍ ഓര്‍മ്മിക്കുന്നു.

ഒരു പ്രമുഖ സാഹിത്യകാരന്റെ ബാല്യകാല ഓര്‍മ്മകള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു പാഠം റ്റൂഷന്‍ ക്ലാസ്സില്‍ വെച്ചു അദ്ധ്യാപകന്‍ ഹ്രിദ്യമായി പഠിപ്പിക്കുമ്പോള്‍ എന്റെ കണ്ണുകള്‍ പിന്നെയും നിറഞ്ഞു. കാരണം അതില്‍ പ്രതിപാദിച്ചിരുന്നത് ഒരു സഹോദരി ഇല്ലാതിരുന്ന അദ്ധേഹത്തിന്റെ വിഷമവും, കൊളംബോയിലായിരുന്ന പിതാവ് ഒരിക്കല്‍ വീട്ടില്‍ വന്നപ്പൊള്‍ വിരള്‍ത്തുമ്പില്‍ തൂങ്ങി കൂടെ വന്ന ചെറിയ പെണ്‍കുട്ടി തന്റെ പെങ്ങള്‍ ആണെന്ന് ആരൊ പറഞ്ഞതും, ആ കുട്ടിയെ ചൊല്ലി വീട്ടില്‍ അമ്മയും അച്ചനും തമ്മിലുള്ള വാക്കുതര്‍ക്കവും അതിനെതുടര്‍ന്നു അച്ചന്‍ ആ കുട്ടിയെ തിരിച്ചു കൊണ്ടു പോകുന്നതും ഒക്കെ ആയിരുന്നു. അതുപോലെ ഒരു അനിയത്തി തന്റെ ജീവിതത്തിലേക്കും കടന്നു വന്നിരുന്നെങ്കില്‍ എന്നു ഒത്തിരി ആശിച്ചു പോയ അന്നുരാത്രി ഉറക്കം വരാതെ കിടക്കുമ്പോള്‍ ഈയുള്ളവന്റെ മനസ്സിലും എന്തോ ചില വരികള്‍ അറിയാതെ കടന്നു വന്നു. നോട്ടുബുക്കിന്റെ ഒരു താള്‍ കീറിയെടുത്ത് അത് പകര്‍ത്തിയെഴുതി അന്നത്തെ പത്താംക്ലാസ്സുകാരന്റെ മനസ്സില്‍ നിന്നും ഊറിവന്ന ആ വാക്കുകള്‍ നിങ്ങള്‍ക്കു വേണ്ടി ഇവിടെ കുറിക്കാം..

വ്രിത്തവും പ്രാസവും നോക്കുന്നവരെ നിങ്ങള്‍ ദയവായി എന്നോട് ക്ഷമിക്കുക എന്തെന്നാല്‍ മനസ്സിന്റെ ചില തേങ്ങലുകള്‍ ആ ഒരു ടിപ്പിക്കല്‍ ഫോര്‍മാറ്റിലേക്കാക്കാന്‍ എന്റെ മനസ്സ് എന്നെ അനുവദിച്ചിട്ടില്ല..

ഇല്ലായെനിക്കൊരു പെങ്ങളെപ്പോഴു-
മിക്കയെന്നെന്നെ വിളിക്കാന്‍
ആശിച്ചുഞാനെന്നും അനിയത്തിയെപറ്റി
ആയിരം സ്വപ്നങ്ങള്‍ നെയ്തു.
കൊഞ്ചി ച്ചിരിക്കുമവളെയൊന്നൂടി
തോളത്തെടുത്തു രസിക്കാന്‍
കൂടെ കിടത്തിയുറക്കാന്‍ പിന്നെ
ചോറൊക്കെ വാരി കൊടുക്കാന്‍
ഉത്സവവേളയിലൊക്കത്തെടുത്തി-
ട്ടാനയെ കാട്ടികൊടുക്കാന്‍
ആഗ്രഹമുണ്ടെനിക്കെന്നും നടക്കാത്ത
ആഗ്രഹമായവശേഷിക്കുമ്പോള്‍
ഓര്‍ക്കുന്നു ഞാനെനിക്കില്ലാത്ത പെങ്ങളെന്‍
തീരാത്ത ദുഖമായി തീരുന്നുവോ...

*******************************************************************
വാല്‍ക്കഷ്ണം

വഴിയെ നടന്നുപോകുമ്പോള്‍ സുന്ദരികളായ പെണ്‍കുട്ടികളെ കാണുമ്പോ‍ ഇവളെ എനിക്കു
ഗേള്‍ഫ്രണ്ടായി കിട്ടിയിരുന്നെങ്കില്‍ എന്നു എന്റെ കൂട്ടുകാര്‍ പറയുമ്പോള്‍, ഇവളെ എനിക്കു
പെങ്ങളായി കിട്ടിയിരുന്നെങ്കില്‍ എന്നു ഞാന്‍ അറിയാതെ പറഞ്ഞതും ആര്‍ത്തു ചിരിച്ചു കൂട്ടുകാര്‍
കളിയാക്കുമ്പോള്‍ തലകുമ്പിട്ടു നടന്നു മറഞ്ഞതും ഇന്നും മനസ്സില്‍ പൊടിപിടിയ്ക്കാതെ കിടക്കുന്നു.




7 comments:

സ്‌പന്ദനം said...

കുഞ്ഞനുജത്തിയുടെ സ്‌നേഹം ലഭിക്കാതെയും കൊടുക്കാനാവാതെയും പോയ നിങ്ങളുടെ വേദനയിലും നഷ്ടബോധത്തിലും പങ്കുചേരട്ടേ ഞാനും..

ഫസല്‍ ബിനാലി.. said...

അനിയത്തിപ്രാവ്..
മധുര നൊമ്പരമാണതിന്നുമോര്‍ക്കുമ്പോള്‍

PIN said...

ആ നോവ്‌ സഹോദരിമാർ ഇല്ലാത്തവർക്ക്‌ മാത്രമേ ആഴത്തിൽ മൻസ്സിലാക്കൻ പറ്റൂ..

നിസ്സാറിക്ക said...

നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കു ഒത്തിരി നന്ദി..!

നിസ്സാറിക്ക

ഒരു സ്നേഹിതന്‍ said...

“കുഞ്ഞുങ്ങളുടെ ആഗ്രഹങ്ങളെല്ലാം കഴിവതും സാധിച്ചുകൊടുക്കാന്‍ മിക്ക മാതാപിതാക്കളും ശ്രദ്ധിക്കറുണ്ട്. എന്നാല്‍ സാധിച്ചുകൊടുക്കാന്‍ കഴിയാത്ത ആഗ്രഹങ്ങള്‍ പലപ്പോഴും അവരുടെ മനസ്സില്‍ ഒരു വേദനയായി ബാക്കിയാകും. “

നല്ല വരികൾ.

താങ്കളുടെ ചിന്ത എനിക്കും ഉണ്ടായിട്ടുണ്ട് പലപ്പ്പോഴും.

ഒരന്നിയത്തി, ഒരനിയൻ ഉണ്ടായിരുന്നെങ്കിൽ....

പിരിക്കുട്ടി said...

ayyo...
ikkakka ....
njaan ippol aniyathi aayille?
ini vishamam vendatto....
njaan ettavum ilayatha enikkum undayirunnu aagraham only for "thallan pichan..idi koddaan"
ente chettantem chechimaarudem idi kittumbol alochichatha

നിസ്സാറിക്ക said...

ഇക്കാക്ക എന്ന മാധുര്യമുള്ള വിളിക്ക് എന്റെ അനിയത്തിക്ക് ഒത്തിരി നന്ദി..
ഇപ്പോള്‍ അത്രയ്ക്കു വിഷമം ഇല്ല. അഞ്ചു വയസ്സുള്ള എന്റെ മകള്‍
ഫാത്തിമ എന്നെ ചിലപ്പോള്‍ ബാബുമോനെ എന്നാ വിളിക്കുന്നത്. അവള്‍
വന്നതിനു ശേഷം എന്റെ ഒത്തിരി വിഷമങ്ങള്‍ ഞാന്‍ മറന്നു കഴിഞ്ഞു..

ഇക്കാക്ക