Wednesday, January 28, 2009

എന്റെ പ്രീയ കൂട്ടുകാരെ നിങ്ങള്‍ എവിടെ..!

കുളത്തൂപ്പുഴ സെവന്ത്ഡെ സ്കൂളില്‍ പടിക്കുമ്പോളാണ് ഞങ്ങള്‍ ഏഴംകുളത്തിനടുത്തുള്ള എണ്ണപ്പന തോട്ടത്തിലെ ക്വാര്‍ട്ടേഴ്സിലേക്കു താമസം മാറുന്നത്. ദിവസവും രാവിലേയും വൈകിട്ടും സ്കൂളിന്റെ വാനില്‍ യാത്ര. അവസാനം ഫീസും യാത്രാചിലവും ഒക്കെ ചേര്‍ത്ത് നല്ലൊരു സംഖ്യ വീതം മാസാമാസം കൊടുത്ത് കുടുംബം മുടിയുമെന്ന ഗതിയായപ്പോള്‍ എന്റെ ടിസി വാങ്ങി ഏഴംകുളം സ്കൂളില്‍ ചേര്‍ത്തു. മിഷന്‍ സ്കൂളിന്റെ ചിട്ടവട്ടങ്ങളൊന്നുമില്ലാത്ത സ്കൂളും അവിടത്തെ കൂട്ടുകാരും ഒക്കെ ചേര്‍ന്നു എന്തുകൊണ്ടും എനിക്കാ സ്കൂളൊത്തിരി ഇഷ്ടമാകുകയും ചെയ്തു. രാവിലെ സ്കൂളിലേക്ക് ഒരു ഘോഷയാത്രയായിട്ടായിരുന്നു ഞങ്ങളുടെ പോക്ക്. രവിയണ്ണന്റെ മകന്‍ ജയന്‍, ജയന്റെ അനിയത്തി ദേവി (ഇന്നവര്‍ മറവഞ്ചിറയിലാണ് താമസം), ചന്ദ്രന്‍ മാമന്റെ മക്കള്‍ സഞ്ചുവെന്ന ചന്ദ്രലേഖ, മഞ്ജുവെന്ന ചിത്രലേഖ, ഉണ്ണീയെന്ന ശരത്ചന്ദ്രന്‍ (ഏഴംകുളത്ത് തന്നെയാണിപ്പോല്‍ താമസമെന്നു തോന്നുന്നു) പിന്നെ സൌദ..സന്തോഷ് ഇവരൊക്കെയായിരുന്നു യാത്രാസംഘത്തിലെ അംഗങ്ങള്‍.

രാവിലെ 8 മണിക്കു മുമ്പു വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ 10 മണിയുടെ ബെല്ലടിക്കുന്ന സമയത്ത് സ്കൂളിലെത്തും. സ്കൂളിലുമുണ്ടായിരുന്നു ഒത്തിരി നല്ല കൂട്ടുകാര്‍.. അതില്‍ പ്രധാനമായും ബോബിയെന്നു വിളിക്കുന്ന ജയന്ത് ജേക്കബ്ബ്, മാത്തനെന്നു വിളിക്കുന്ന മാത്യു, പിന്നെ ശ്രീകാന്ത്, മാര്‍ത്താണ്ടങ്കരയില്‍ നിന്നും വരുന്ന പ്രകാശ് ഇവരായിരുന്നു. മാത്തന്റെ വീട് സ്കൂളിന്റെ നേരെ എതിര്‍വശത്തായിരുന്നു. അതുകൊണ്ട് ഉച്ചയ്ക്കു ആഹാരം കഴിക്കാന്‍ മാത്തന്റെ വീട്ടില്‍ പോകുമായിരുന്നു. പിന്നെ ശ്രികാന്തിന്റെ വീടും അടുത്തു തന്നെയായിരുന്നു. ഒരു പള്ളിയുടെ അടുത്ത് കൂടെയിറങ്ങി വയല്‍ മുറിച്ച് അക്കരെ കയറിയാല്‍ ശ്രീകാന്തിന്റെ വീടായി. മിക്കദിവസങ്ങളിലും ശ്രീകാന്തിന്റെ ഒപ്പം അവന്റെ വീട്ടിലും പോകുമായിരുന്നു. അവിടെ ശ്രീകാന്തിനെ കൂടാതെ അവന്റെ അമ്മയും ചേച്ചിയും ഉണ്ടാകും അവര്‍ക്കെല്ലാം എന്നോട് നല്ല സ്നേഹവുമായിരുന്നു. ആ ഭാഗത്തു തന്നെയായിരുന്നു ക്ലാസ്സിലെ പാട്ടുകാരി സീമയുടെ വീട്. സീമയുടെ “ചിങ്ങത്തിരുവോണസൂര്യോദയം.. ചിത്രവര്‍ണ്ണാംഗിതരമ്യോദയം എന്ന പാട്ടു ഇപ്പോഴും അന്നത്തെ നലാംക്ലാസ്സുകാരിയുടെ സ്വരത്തില്‍ കാതില്‍ മുഴങ്ങുന്നു. സ്കൂളിനടുത്ത് തന്നെയുള്ള വീട്ടിലെ കുട്ടിയായിരുന്നു റജീന. റജീനയുടെ വീട്ടിലെ മുറ്റത്തുള്ള പൈപ്പില്‍ നിന്നായിരുന്നു അന്നു കുടിക്കാനുള്ള വെള്ളം ശേഖരിച്ചിരുന്നത്. റജീനയുടെ ബാപ്പ മെമ്പറോ മറ്റോ ആയിരുന്നുവെന്നു തോന്നുന്നു.

ഞാന്‍ പലപ്പോഴും ബോബിയുടെ വീട്ടില്‍ പോകുമായിരുന്നു‍. എപ്പോള്‍ ചെന്നാലും ബോബിയുടെ മമ്മി എന്തെങ്കിലുമൊക്കെ നിര്‍ബന്ധിച്ചു കഴിപ്പിക്കും. ആ മമ്മി സ്നേഹപൂര്‍വ്വം വിളമ്പി തന്ന ദോശയുടേയും ചമ്മന്തിയുടേയും രുചിയിന്നും നാവിന്റെ തുമ്പിലുണ്ട്. ബോബിക്കു ഒരു കുഞ്ഞു അനിയത്തിയുണ്ടായിരുന്നു. മനോഹരമായി ചിരിക്കുന്ന ആ വാവയേയുമെടുത്ത് ബോബിയുടെ വീട്ടില്‍ സുലഭമായുണ്ടായിരുന്ന പേരമരങ്ങളില്‍ നിന്നും പേരയ്ക്ക പറിച്ച് ആ വാവയ്ക്കും കൊടുത്ത് കഴിക്കുന്നതായിരുന്നു അവിടെ ചെല്ലുമ്പോളുള്ള എന്റെ ഏറ്റവും വലിയ വിനോദം. ഏകമകനായി ജനിച്ചു വളര്‍ന്നയെനിക്കു അത്രയ്ക്കു ഇഷ്ടമായിരുന്നു ആ കുഞ്ഞനുജത്തിയെ.. പലപ്പോഴും പ്രകാശിന്റെ വീട്ടിലും പോകുമായിരുന്നു എന്തു മാത്രം കരകൌശലവസ്ഥുക്കളായിരുന്നു പ്രകാശിന്റെ വീട് നിറയെ എത്ര കണ്ടാലും മതി വരാറില്ല. പ്രകാശിന്റെ അമ്മയ്ക്കും നല്ല സ്നേഹമായിരുന്നു പ്രകാശിനു ഒരനിയന്‍ ഉണ്ടായിരുന്നു എന്താ പേരെന്നു ഓര്‍മ്മയില്ല..

എന്റെ പ്രീയകൂട്ടുകാരെ നിങ്ങളില്‍ എത്രപേര്‍ ഇന്നെന്നെ ഓര്‍ക്കുന്നുവെന്നു എനിക്കറിയില്ല.. എന്നാലും ഞാന്‍ പറയട്ടെ ഒത്തിരി ഇഷ്ടമായിരുന്നു എനിക്കു നിങ്ങളെയെല്ലാവരേയും. നിങ്ങളിലാരെങ്കിലും ഇതു വായിക്കുമോ.. വായിക്കുമെങ്കില്‍ എന്നെയോര്‍മ്മയുണ്ടെങ്കില്‍ നിങ്ങളുടെ അഭിപ്രായം എന്നെ അറിയിക്കണം..