


കുറേനാളുകളായി കേരളത്തിലെ ഓരോ ദിനവും അവസാനിക്കുന്നത് ഏതെങ്കിലുമൊരു നടുക്കുന്ന വാര്‍ത്തയുമായാണ്. ഓരോ ഹര്‍ത്താലും അവസാനിക്കുന്നത് കേരളത്തിലെ ഏതെങ്കിലുമൊരു അമ്മയുടെ കണ്ണിരിന്റെ നനവും, നിലവിളിയുടെ അലകളുമേറ്റാണ്. ഇനിയൊരിക്കലും ഈയൊരു അവസ്ഥയ്ക്കു മാറ്റമുണ്ടാവില്ല. കേരളം ഭ്രാന്താലയമായി മാറിക്കഴിഞ്ഞു. സാംസ്കാരിക കേരളം എന്ന വാക്കുച്ചരിക്കാന്‍ നമ്മള് മലയാളികള്‍ക്കു ഇനി ഒരിക്കലും അര്‍ഹതയുണ്ടാവില്ല.
അന്ധമായ മത, രാഷ്ടീയ ചിന്തകള്‍ നമ്മുടെ പ്രീയപ്പേട്ട നാടിനെ ഒരു ശവപ്പറമ്പാക്കി തീര്‍ത്തിരിക്കുന്നു. ഓരോ ദിനവും എത്രയെത്ര കൊലപാതകങ്ങള്‍ എന്തുമാത്രം രക്തചൊരിച്ചിലുകള്‍...ഇതെല്ലാം എന്തിനുവേണ്ടി..ആര്‍ക്കാണ് ഇതിന്റെ ലാഭം.. ഉത്തരം നമ്മളോരോരുത്തര്‍ക്കും വ്യക്തമായി അറിയാം..ഈ കൊലപാതകങ്ങളും, രക്തചിരിച്ചിലും കൊണ്ടു പ്രയോജനം ലഭിക്കുന്ന മൂന്നു കൂട്ടര് രാഷ്ട്രീയക്കാര്‍, മതമേധാവികള്‍ പിന്നെ സാമൂഹ്യവിരുദ്ധര്‍ എന്നിവര്‍ മാത്രമാണ്. ഈ മൂന്നു തരക്കാരും തമ്മില്‍ ആശയപരമായ വ്യത്യാസങ്ങളുണ്ടെങ്കില്‍
പോലും ആത്യന്തികമായി അവരുടെ ചിന്തകളും, പ്രവര്‍ത്തിയും ഏറെക്കുറെ ഒന്നുതന്നെയാണ്.
പ്രബുദ്ധരായ കേരളജനതയെന്ന വാക്ക് പറയുമ്പോഴും,കേള്‍ക്കുമ്പോഴും കോരിത്തരിക്കുന്ന സാമൂഹിക നേതാക്കളും,സാംസ്ക്കാരിക നായകന്മാരും എന്തേ ഈ മനുഷ്യക്കുരുതികള്‍ക്കെതിരെ ഇപ്പോള്‍ രംഗത്തിറങ്ങുന്നില്ല.. അവരുടെ വാക്പയറ്റും, കസര്‍ത്തുമൊക്കെ സ്പോന്സര് ചെയ്യാന്‍ ആളെ കിട്ടാഞ്ഞിട്ടാണോ, അതോ വിലപിടിച്ച കാറുകളില്‍ പാഞ്ഞുനടന്ന് പ്രസംഗിച്ച് കാശുണ്ടാക്കി അവര്‍ക്കു മതിയായോ?
കോടതികളിലും, വിധിന്യായങ്ങളിലും സാധാരണക്കാരനുണ്ടായിരുന്ന വിശ്വാസം ഓരോ ദിവസവും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ജഡ്ജിമാര്‍ സ്വര്‍ഗ്ഗത്തുനിന്നും ഇറങ്ങിവന്ന മാലാഖമാരല്ലെന്നും അവര്‍ ഒരുകാലത്ത് പണത്തിനുവേണ്ടി നീതിയേയും, ന്യായത്തേയും ഏതുതരത്തിലും വളച്ചൊടിച്ച് ഏതുകൊടിയ പാപം ചെയ്തവനേയും രക്ഷപ്പെടുത്തുന്ന അഭിഭാഷകന്മാരില് ഒരാള്‍ മാത്രമായിരുന്നുവെന്നും ഇന്നും പണം അവര്‍ക്കു കയ്ക്കില്ലെന്നും ഒരുപക്ഷെ ആ ചിന്താഗതി ഒന്നുകൊണ്ടുമാത്രം പലകേസുകളും നീണ്ടുനീണ്ടു പോയി സാധാരണക്കാരുടെ മനസ്സില്‍ നിന്നും മാഞ്ഞുകഴിയുമ്പോള്‍ ഏജന്റുമാര്‍ രഹസ്യമായി കൈപറ്റുന്ന പണത്തിന്റെ തൂക്കത്തിനനുസരിച്ച് വിധി പറയുന്നവര്‍ മാത്രമാണ് അവരില്‍ പലരുമെന്നതും പൊതുജനങ്ങളുടെ ഇടയില്‍ ഉയര്‍ന്നുവന്നിട്ടുള്ള അഭിപ്രായങ്ങള്‍ വെറുതെ തള്ളിക്കളയാന്‍ ചിന്തിക്കുന്നവര്ക്കാകില്ല.
ഓരോദിനവും വിലാപയാത്രകളും, റീത്തുസമര്പ്പിക്കലുമൊക്കെ കണ്ടു കരഞ്ഞു കണ്ണും നെഞ്ചും കലങ്ങിയിരിക്കുന്ന അമ്മമാരോട് ഒരുവാക്ക്. ഇനി എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ അതു നിങ്ങള്‍ക്കുമാത്രമാണ് ചെയ്യാന്‍ കഴിയുക. നിങ്ങളുടെ പൊന്നോമനപുത്രന്, അല്ലെങ്കില്‍ ഭര്‍ത്താവ് അതുമല്ലെങ്കില്‍ സഹോദരന് നാളെ ഏതെങ്കിലുമൊരു രക്തദാഹിയുടെ വാളിനിരയാവേണ്ടെങ്കില് നിങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുക. കുറ്റിച്ചൂലും ചാണകവുമായി നിങ്ങള്‍ തെരുവിലിറങ്ങുക. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന, സമരത്തിനാഹ്വാനം ചെയ്യുന്ന രാഷ്ട്രീയ സാമുദായിക നേതാക്കളെന്ന ക്ഷുദ്രകീടങ്ങളെ ചാണകവെള്ളത്തില്‍ മുക്കിയ കുറ്റിച്ചൂല് കൊണ്ടടിക്കുക. കടകള്‍ക്കു നേരേ കല്ലെറിയുന്ന, വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുന്ന നപുംസകങ്ങളെ ചാണകവെള്ളംകോണ്ടു അഭിഷേകം ചെയ്യുക വഴിയാത്രക്കാരെ ഉപദ്രവിക്കുന്ന, അപമാനിക്കുന്ന അണികളെന്ന കൂലിപട്ടികളുടെ ജൌളി പൊക്കി നല്ല വള്ളിച്ചൂരല് കൊണ്ടു നന്നായി പെടയ്ക്കുക. സര്വ്വവ്രിത്തികേടുകളും ലൈവായി കാണിക്കുന്ന റ്റീവി ചാനലുകള്‍ അവര്‍ ചെയ്ത പാപങ്ങളുടെ പരിഹാരത്തിനു വേണ്ടിയെങ്കിലും നമ്മുടെ അമ്മമാരുടെ, സഹോദരിമാരുടെ ഈ മാറ്റം സമൂഹത്തിനു മുമ്പിലെത്തിച്ചു മറ്റു സാമൂഹ്യവിരുദ്ധര്ക്കൊരു മുന്നറിയിപ്പ് നല്‍കുക..
*********************************************************************************
ചിത്രങ്ങള്‍ക്ക് ഉടമസ്ഥനോട് കടപ്പാട്. ജഡ്ജിമാരിലും അഭിഭാഷകന്മാരിലും നല്ലവരുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല..